വെള്ളരിക്കുണ്ട്: കശുവണ്ടി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും കർഷകർക്ക് മികച്ച വിപണി മൂല്യം ലഭ്യമാക്കാനുമായി നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഐഒടി സോളാർ ഡ്രൈയിംഗ് പദ്ധതിയും മുളപ്പിച്ച കശുവണ്ടി കൊണ്ടുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ അവതരണവും നബാർഡ് കേരള-ലക്ഷദ്വീപ് റീജണൽ ജനറൽ മാനേജർ നഗേഷ് കുമാർ അനുമല ഉദ്ഘാടനം ചെയ്തു. ചുള്ളി ഫാമിന്റെ നേതൃത്വത്തിൽ വിവിധ കാർഷിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുളപ്പിച്ച കശുവണ്ടി കൊണ്ടുള്ള ഉത്പന്നങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും നൂതന ഉത്പന്നങ്ങളെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം ഐസിഎആർ-ഡിസിആർ ശാസ്ത്രജ്ഞ ഡോ.ജി.എൽ. വീണയും ഏറ്റുവാങ്ങി. മികച്ച കൂൺ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ സച്ചിൻ പൈയെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ കെ. ഷാരോൺവാസ് പദ്ധതി വിശദീകരിച്ചു. ചുള്ളി ഫാം സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി പി.സി. ബിനോയ് സാങ്കേതിക അവതരണം നടത്തി. സിപിസിആർഐ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ബെഞ്ചമിൻ, കൃഷി ഓഫീസർ
നിഖിൽ നാരായൺ, സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഡയറക്ടർ ഡോ. ശശികുമാർ, ജോർജ് കരിമഠം എന്നിവർ പ്രസംഗിച്ചു.